ഡല്‍ഹിയില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് കാരണം മലിനീകരണവും, ഉത്സവ ആഘോഷങ്ങളുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം കൊവിഡിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഉയര്‍ച്ച. പ്രതിദിന കൊവിഡ് നിരക്ക് തുടര്‍ച്ചയായി 6000 കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ വെള്ളിയാഴ്ച്ചത്തെ പ്രതിദിന കണക്ക് പ്രകാരം, രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികള്‍ ഡല്‍ഹിയിലാണ്.

7,178 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 64 പേരാണ് ഒരു ദിവസത്തിനിടയില്‍ മരിച്ചത്. എന്നാല്‍ കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതില്‍ ആശ്ചര്യപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഹാനവമി, ദീപാവലി ആഘോഷങ്ങളും, മലിനീകരണം ഉയര്‍ന്നതും കാലാവസ്ഥ വ്യതിയാനവുമാണ് കേസുകള്‍ ക്രമാതീതമായി ഉയരാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിലും കര്‍ണാടകയിലും കഴിഞ്ഞ ഒരാഴ്ച്ചയായി പുതിയ കേസുകള്‍ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ച്ചകളില്‍ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിരുന്നു. നിരത്തുകളില്‍ ആളുകള്‍ വര്‍ദ്ധിച്ചതും കാലാവസ്ഥ വന്യതിയാനവുമാണ് പെട്ടെന്നുള്ള കൊവിഡ് വര്‍ദ്ധനവിന് കാരണമായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

Content Highlight: Pollution, festivities, onset of winter — why Delhi is seeing its ‘third wave’ of Covid