തമിഴ്നാട്ടിൽ സർക്കാർ നിർദേശം ലംഘിച്ച് വീണ്ടും വേൽയാത്ര ആരംഭിച്ച് ബിജെപി

bjp restart vel yathra in Tamilnadu

തമിഴ്നാട്ടിൽ സർക്കാർ നിർദേശം ലംഘിച്ച് വീണ്ടും വേൽയാത്ര ആരംഭിച്ച് ബിജെപി. ചെന്നൈയിൽ നിന്നുമാണ് സംസ്ഥാന സർക്കാരിനെ ധിക്കരിച്ച് കൊണ്ട് സംസ്ഥാന ബിജെപി വേൽയാത്ര ആരംഭിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകന്റെ നേതൃത്വത്തിലാണ് യാത്ര. നൂറുകണക്കിന് പ്രവർത്തകരാണ് അകമ്പടിയായി റോഡിലിറങ്ങിയത്. സർക്കാർ അനുമതിയില്ലാതെ ആറാം തിയതി നടത്തിയ വേൽ യാത്ര സംസ്ഥാന സർക്കാർ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തമിഴ്നാട്ടിൽ ഏറെ വിവാദമായിരുന്നു.

എച്ച് രാജ ഉൾപെടെ നൂറു കണക്കിന് പ്രവർത്തകരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ യാത്രക്ക് അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറാകത്തതാണ് പ്രശ്നം. മുരുകന്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുട നീളം സ്വീകരണ പരിപാടികളുമായി ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്രയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ബാബ്റി മസ്ജിദ് തകർത്തതിൻ്റെ വാർഷിക ദിനമായ ഡിസംബർ 6 ന് അവസാനിക്കുന്ന വേൽയാത്ര വർഗീയവിദ്വേഷം ലക്ഷ്യം വെച്ചു കൊണ്ടാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

Content Highlights; bjp restart vel yathra in Tamilnadu