കമറുദ്ദീനെ അറസ്റ്റ് ചെയ്തത് അന്യായം; രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് കുഞ്ഞാലികുട്ടി

കോഴിക്കോട്: ഫാഷന്‍ ഗോള്‍സ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം സി കമറുദ്ദീന്റെ രാജി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ലീഗ് നേതൃത്വം. കമറുദ്ദീന്റെ അറസ്റ്റ് അന്യായമാണെന്നും അതിനാല്‍ തന്നെ എംഎല്‍എ രാജി വെക്കേണ്ട ആവശ്യമില്ലെന്നും ലീഗ് ഉന്നതാധികാര സമിതി പ്രതികരിച്ചു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ നടന്നത് അഴിമതിയല്ലെന്നും, ബിസിനസ്സ് പൊളിഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

ഇല്ലാത്ത വകുപ്പ് ചുമത്തിയാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തതെന്നും ഇതൊരു അസാധാരണ നടപടിയാണെന്നും പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റ് അന്വേഷണങ്ങളുടെ വാര്‍ത്തകളെ പ്രതിരോധിക്കാനുള്ള സംഭവം മാത്രമാണ് അറസ്‌റ്റെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും നിക്ഷേപകരുടെ പണം തിരിച്ച് കിട്ടുന്നതിലല്ല സര്‍ക്കാരിന് താല്‍പര്യമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

ഏത് ബിസിനസ്സ് തകര്‍ന്നാലും അതില്‍ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചുനല്‍കാം എന്നാണ്. ഫാഷന്‍ ഗോള്‍ഡിന്റെ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. എന്നാല്‍ അതിനുള്ള സാവകാശം പോലും അനുവദിക്കാതെയാണ് അറസ്റ്റ് നടന്നതെന്നും ലീഗ് വിമര്‍ശിച്ചു.

Content Highlight: Muslim League on M C Kamarudheeen Arrest