കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം സി കമറുദ്ദീനെതിരെ വീണ്ടും വഞ്ചന കുറ്റം ചുമത്തി പരാതി. പുതിയതായി ഒരു കേസ് കൂടിയാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയ പൂക്കോയ തങ്ങളും കേസില്‍ പ്രതിയാണ്. ഇതോടെ കമറുദ്ദീന്‍ എംഎല്‍എക്കെതിരായ വഞ്ചന കുറ്റങ്ങള്‍ 112 ആയി.
മാവിലക്കടപ്പുറം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. ഇന്നലെ തന്നെ തങ്ങള്‍ കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചിരുന്നെങ്കിലും കീഴടങ്ങിയിരുന്നില്ല.
അതേസമയം, കമറുദ്ദീനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് ഇന്ന് പരിഗണിക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ.
കമറുദ്ദീന്‍ എംഎല്‍എ രാജി വെക്കണമെന്ന ആവശ്യത്തില്‍ രാജിയിലേക്ക് നീങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. സംഭവത്തില്‍ നടന്നത് അഴിമതിയല്ലെന്നും ബിസിനസ്സ തകര്‍ന്നതാണെന്നും പ്രതിപക്ഷ നേതാവും അറിയിച്ചിരുന്നു. ഏത് ബിസിനസ്സ് തകര്‍ന്നാലും അതില്‍ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചുനല്‍കാം എന്നാണ്. ഫാഷന്‍ ഗോള്‍ഡിന്റെ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. എന്നാല്‍ അതിനുള്ള സാവകാശം പോലും അനുവദിക്കാതെയാണ് അറസ്റ്റ് നടന്നതെന്നും ലീഗ് വിമര്‍ശിച്ചു.
Content Highlight: New case registered against M C Kamaruddin