ഗോവൻ മദ്യം ‘ഫെനി’ ഇനി മുതൽ കേരളത്തിലും; നിർമ്മാണത്തിനൊരുങ്ങി കശുവണ്ടി കോർപ്പറേഷൻ

cashew corporation ready to produce feni

ഗോവയുടെ പൈത്യക പാനീയമെന്ന അറിയപെടുന്ന ഫെനി ഇനി മുതൽ കേരളത്തിലും. കശുമാങ്ങയിൽ നിന്നും ഫെനി ഉത്പാദിപ്പിക്കുന്നതിനായി പൊതു മേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിനായുള്ള പ്രോജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. സർക്കാരിന്റേയും എക്സൈസ് വകുപ്പിന്റേയും അനുമതി ലഭിക്കുന്നതോടെ ഉത്പാദനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. അനുമതി ലഭിക്കുന്നതോടെ കോർപ്പറേഷന്റെ വടകരയിലുള്ള ഫാക്ടറിയിൽ ഉത്പാദനം ആരംഭിക്കും.

ഫെനി ഉത്പാദനത്തിനായി ഏകദേശം 13 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ ഇതിലൂടെ വർഷം 100 കോടി രൂപയുടെ വിറ്റു വരവും ലക്ഷ്യമിടുന്നുണ്ട്. പുതിയ ഉത്പന്നം വിപണിയിൽ എത്തുന്നതോടെ കൊവിഡ് കാലത്ത് നേരിട്ട നഷ്ടം കുറക്കാനാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. നിലവിൽ കേരളത്തിൽ 85000 ടൺ കശുമാങ്ങയാണ് പാഴായി പോകുന്നത്. ഫെനി ഉത്പാദനം ആരംഭിക്കുന്നതിലൂടെ സംസ്ഥാനത്തെ കശുമാങ്ങ പാഴായി പോകാതെ സൂക്ഷിക്കാനും, കശുമാങ്ങയിൽ നിന്നും മൂല്യവർധിത ഉത്പന്നം വിപണിയിൽ എത്തുന്നതിനൊപ്പം കർഷകരെ സഹായിക്കുന്നതിനും സാധിക്കും

ഡിസംബറിൽ ആരംഭിക്കുന്ന കശുവണ്ടി സീസൺ മാർച്ച് വരെ നീളും. അതു കൊണ്ട് തന്നെ ഈ സീസണിൽ തന്നെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ജയമോഹൻ വ്യക്തമാക്കി. പദ്ധതി വഴി നൂറോളം ആളുകൾക്ക് തൊഴിൽ ലഭിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ കശുമാവുള്ളതിനാൽ ഈ ജില്ലകളിൽ നിന്നും ഫെനി ഉത്പാദിപ്പിക്കാൻ ആവശ്യമായ കശുമാങ്ങ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. കശുമാങ്ങയുടെ ലഭ്യത കുറഞ്ഞാൽ മറ്റ് പഴങ്ങളുപയോഗിച്ചും ഫെനി നിർമ്മിക്കാൻ കോർപ്പറേഷൻ ലക്ഷ്യമിടുന്നുണ്ട്.

Content Highlights; cashew corporation ready to produce feni