ഔദ്യോഗിക വിവരങ്ങള്‍ ചോരരുത്; സെക്രട്ടറിമാരുടെ യോഗത്തില്‍ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. വിവാദ ഫയലുകളുടെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വിവാദ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. സ്പ്രിങ്ഗ്ലര്‍ മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലെ വിവാദങ്ങള്‍ വന്‍ തലവേദനയാണ് സര്‍ക്കാരിന് സൃഷ്ടിച്ചത്. റൂള്‍സ് ഓഫ് ബിസിനസ്സ് പരിഷ്‌കരിക്കാനുള്ള കരട് ചട്ടങ്ങളുടെ രേഖ ചോര്‍ന്നതിലും മന്ത്രി സഭ യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങാന്‍ സംവിധാനമൊരുക്കും. കൂടാതെ നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ യോഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Content Highlight: CM warns Officers in leaking of Official data