സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളേജുകൾ തുറക്കുന്നതിനായി ആലോചന. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സർക്കാരിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. നവംബർ 15 മുതൽ കോളേജുകൾ തുറക്കുന്നതിനാണ് സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇതിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് വിദഗ്ദ സമിതിയുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും അനുമതിയോടെ മാത്രമേ കോളേജുകൾ തുറക്കാൻ സാധിക്കുകയുള്ളു.
ഈ മാസം ആദ്യമായിരുന്നു യുജിസി കോളേജുകൾ തുറക്കാൻ മാർഗ നിർദേശം പുറത്തിറക്കിയത്. കോളേജിന്റെ പ്രവേശന കവാടത്തിലും പുറത്തുള്ള കവാടത്തിലുമായി തെർമൽ സ്കാനറുകളും സാനിറ്റൈസർ, മാസ്ക് എന്നിവ ലഭ്യമാക്കണമെന്നത് ഉൾപെടെയുള്ള നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാവില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കോളേജുകൾ ഉൾപെടെയുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ കൊവിഡ് പ്രാഥമിക തല ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയാണ്.
Content Highlights; colleges reopening discussion







