കലാലയ പ്രവർത്തനങ്ങളെ തടസ്സപെടുത്തുന്ന രീതിയിലുള്ള പഠിപ്പ് മുടക്ക്, മാർച്ച് തുടങ്ങിയവയെല്ലാം സ്കൂളുകളിലും കോളേജുകളിലും നടത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സമരത്തിനും പഠിപ്പുമുടക്കിനുമായി ആരെയും പ്രേരിപ്പിക്കുവാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകി.
ഘരാവോ, പഠിപ്പുമുടക്കൽ, മാർച്ച്, ധർണ തുടങ്ങിയവ കലാലയങ്ങളിൽ പാടില്ലെന്നും വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നുള്ള രണ്ട് സ്കൂളുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം ക്ലാസുകൾ നഷ്ടമാകുകയാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നുമാണ് ഹർജിയിൽ പറയുന്നത്. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ കോടതിയില്‍ ഉന്നയിച്ചത്. ഇത് പരിഗണിച്ച് വാദം കേട്ടതിന് ശേഷമാണ് നിർണ്ണായക വിധി കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
കലാലയങ്ങളിൽ പഠിക്കാനെത്തുന്ന ഓരോ വിദ്യാർത്ഥിക്കും തൻ്റേതായ മൌലികാവകാശമുണ്ടെന്നും പഠിക്കാനുള്ള ഒരു വിദ്യാർത്ഥിയുടെ അവകാശത്തിന്മേൽ കടന്നുകയറാൻ മറ്റൊരു വിദ്യാർത്ഥിക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. സ്‌കൂളുകളിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെങ്കില്‍ ആ സ്‌കൂളുമായി ബന്ധപ്പെട്ട അധികാരികള്‍ക്കോ, ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കോ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും കലാലയത്തിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ പോലീസിനെ വിളിച്ചു വരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
Content Highlights: High court ban strikes in schools and colleges