ശബരിമലയിലെ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചു: കോടതി

ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിൽ ബിജെപി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്കു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണു ഹൈക്കോടതിയുടെ പരാമർശം. ഒരു വശത്തു സംസ്ഥാന സർക്കാരും മറുവശത്തു ബിജെപിയും ആർഎസ്എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആർഎസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. എന്നാൽ കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചു. കോടതി പറഞ്ഞു.

പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സുധീന്ദ്ര കുമാർ മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും ജാമ്യത്തിൽ വിടണമെന്നു കോടതി പൊലീസിനു നിർദേശം നൽകി. അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ 15 ദിവസത്തിനകം കീഴടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. 

തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാൻ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബർ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസിൽ പറയുന്നു. പ്രതികളിൽ ഒരാൾ അഭിഭാഷകനും മറ്റൊരാൾ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ബിജെപിയുടെ സ്ഥാനാർഥിയുമാണ്. എന്നിട്ടും ഇവരെ തിരിച്ചറിയാൻ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

content highlights: High Court on Bindu Ammini case