ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജി; നിലപാടറിയിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് സിബിഐ

Jesna Missing case

കൊച്ചി: ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നിലപാടറിയിക്കുന്നതിന് സിബിഐ ഓരാഴ്ച സാവകാശം തേടി. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന്‍ ജയ്സ് ജെയിംസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ജെസ്നയെ ഇതുവരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ജെസ്നയെ കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുന്‍ മേധാവിയും പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി.

2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍-മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.

Content Highlight: CBI asks time to Jesna Case