അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. 145000 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകൾ 10238243 ആയി ഉയർന്നു.
കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് രാജ്യത്ത് രേഖപെടുത്തിയത്. 24 മണിക്കൂറിനിടെ 1535 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ ഇതുവരെ ആകെ മരണപെട്ടവരുടെ എണ്ണം 247290 ആയി. കഴിഞ്ഞ ആഴ്ച തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ ആയിരത്തിലധികം കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴേക്കായി കുറഞ്ഞിരുന്നു.
ഒരു ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യമായാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 60000 കടക്കുന്നത്. നിലവിൽ 61694 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ശരാശരി 1661 പേരെയാണ് പ്രതിദിനം ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വർഷാവസാനത്തോടെ പ്രതിദിനം രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയർന്നേക്കാമെന്നാണ് ഗവേഷണ സ്ഥാപനമായ പാൻതൺ മാക്രോ ഇക്കണോമിക്സ് വ്യക്തമാക്കുന്നത്.
Content Highlights; us record over one lakh covid cases in a single day