സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചു; ശുഭ സൂചന നൽകി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്

covid community spread in Kerala ends

സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോർട്ട്. 610 ക്ലസ്റ്ററുകളിൽ 417 ലും രോഗവ്യാപനം ശമിച്ചിട്ടുണ്ട്. ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞു. നൂറ് പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഇപ്പോൾ ഇത് 16 ആണ്. 20 ന് മുകളിലായിരുന്ന തിരുവനന്തപുരത്ത് 11 ആണ് ടിപിആർ. ഇടുക്കിയിൽ മാത്രമാണ് നേരിയ വർധനവുള്ളത്.

ഓണത്തിന് ശേഷം ഇന്നലെ ആദ്യമായാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തിയത്. കഴിഞ്ഞ മാസം 13 ന് 18 ശതമാനത്തിന് മുകളിൽ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 9.68 ആയി. ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു. തൊണ്ണൂറായിരം പേരായിരുന്നു ഒരേ സമയത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ അത് ഇപ്പോൾ 77813 ആയി. ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്ന ആളുകളുടെ എണ്ണത്തിലും കുറവ് വന്നു.

927 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. രോഗ വ്യാപനത്തിൽ കുറവ് ഉണ്ടെങ്കിലും മരണ നിരക്കിൽ കുറവ് വന്നിട്ടില്ല. പന്ത്രണ്ട് ദിവസത്തിനിടെ 312 പേരാണ് കൊവിഡ് മരണത്തിന് കീഴടങ്ങിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നതിനാൽ ജാഗ്രത തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. കൊവിഡാനന്തരം രോഗങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം വർധിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

Content Highlights; covid community spread in Kerala ends