ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന കസ്റ്റംസിന്റെ അപേക്ഷയില്‍ അനുമതി നല്‍കി കോടതി. നിബന്ധനകളോടെയാണ് അനുമതി. എറണാകുളം ജില്ലാ ജയിലില്‍ തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ചോദ്യം ചെയ്യല്‍.

അഭിഭാഷകനുമായി ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം, ചോദ്യം ചെയ്യലിന്റെ ഓരോ രണ്ട് മണിക്കൂറിലും അരമണിക്കൂര്‍ വീതം ഇടവേള നല്‍കണം തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വെച്ചാണ് ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് അനുമതി തേടിയതെങ്കിലും, പിന്നാലെ കണ്ടെത്തിയ ഡോളര്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനും പിഎസ് സരിത്തിനുമെതിരെ ഡോളര്‍ കടത്തിനും കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡോളര്‍ കടത്താന്‍ ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ടോയെന്ന പരിശോധനയാണ് കസ്റ്റംസ് നടത്തുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 26 വരെയാണ് ശിവശങ്കറിന്റെ റിമാന്റ് കാലാവധി. അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച കോടതി വിധി പറയും.

Content Highlight: Court allowed Customs to interrogate M Sivasankar