തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നേരിയ ശമനമുണ്ടെങ്കിലും പൂര്‍ണ്ണമായും ഒഴിവായിട്ടില്ലാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ജനങ്ങളുടെ ശ്രദ്ധ കുറഞ്ഞതാണ് പിഴ തുക വീണ്ടും ഉയര്‍ത്താന്‍ കാരണം. പലയിടങ്ങളിലും ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് കൊവിഡ് വീണ്ടും ഉയരാന്‍ കാരണമാകുമെന്ന് കണ്ടാണ് മുന്‍ കരുതല്‍.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ഈടാക്കിയിരുന്ന പിഴ തുക 200 രൂപയില്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. കൂടാതെ പൊതു വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200 ആയിരുന്നത് 500 ലേക്ക് ഉയര്‍ത്തി. നിയന്ത്രണ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയ്ക്ക് പുറമേ നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇത് കൂടാതെ വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ സര്‍ക്കാര്‍ അനുവദിക്കുന്നതിലുമധികം ആളുകളെ പങ്കെടുപ്പിച്ചാല്‍ പിഴ തുക 1000 ല്‍ നിന്ന് 5000ലേക്കും മരണാനന്തര ചടങ്ങിന് 2000 രൂപയിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. കടകളിലെ സാമൂഹിക അകല ലംഘനത്തിനും ആള്‍കൂട്ടത്തിനും പിഴത്തുക 3000 രൂപയായും നിശ്ചയിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ചുമത്തിയേക്കാവുന്ന പിഴത്തുക സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓഡിനന്‍സ് ഭേദഗതി ചെയ്താണ് പുതുക്കിയ പിഴ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
Content Highlight: Government Updates fines on Covid protocol Violation