കിഫ്ബിയ്ക്കെതിരെയുള്ള സിഎജിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിര തോമസ് ഐസക്; വിയോജിപ്പ് രേഖാമൂലം അറിയിക്കും

LDF government against CAG 

കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തു നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നീക്കം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും. വികസന പദ്ധതികളെ തകർക്കാൻ കേന്ദ്രം സിഎജിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഇഡി, എൻഐഎ, കസ്റ്റംസ് തുടങ്ങിയ ഏജൻസികൾ നടത്തുന്ന ഇടപെടലുകളുടെ ബാക്കിയാണ് സിഎജി നടത്തുന്നതെന്നും ഇതിന് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു. 

കിഫ്ബിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന റിപ്പോർട്ടാണ് സിഎജി പുറത്തുവിട്ടത്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും കിഫ്ബി എടുക്കുന്ന വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഇതുവരെയുള്ള കടമെടുപ്പ് സർക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നുമായിരുന്നു സിഎജി റിപ്പോർട്ട്. എന്നാൽ ഇതിൽ സിഎജിയ്ക്ക് വിശദമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനം. ധനമന്ത്രി തോമസ് ഐസക് തന്നെ നേരിട്ട് പ്രതിരോധത്തിന് ഇറങ്ങിയിരിക്കുകയാണ്. സർക്കാർ വായ്പയെ സംബന്ധിച്ച ഭരണാഘടന അനുച്ഛേദം കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ല എന്നതാകും സർക്കാർ വാദിക്കുക.  

അതേസമയം നിയമസഭയിൽ വയ്ക്കാത്ത സിഎജി റിപ്പോർട്ടിൻ്റെ പേരിൽ ധനമന്ത്രി വാർത്താ സമ്മേളനം നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ സിഎജി റിപ്പോർട്ട് ചോർത്തിയതല്ലെന്നും ജനങ്ങളോട് പറയുകയാണ് ചെയ്തതെന്നും ഇത് ജനം അറിയേണ്ട വിഷയമാണെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയിലെ എല്ലാ കമ്പ്യൂട്ടറുകളുടേയും പാസ് വേർഡ് സിഎജിക്ക് നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

content highlights: LDF government against CAG