സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ ജയിലിലെത്തി ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കാന്‍ ജയിലിലെത്തി ശിവശങ്കറെ ചോദ്യം ചെയ്ത് കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുള്ള കസ്റ്റംസിന്റെ അപേക്ഷയില്‍ എറണാകുളം പ്രിന്‍ലിപ്പല്‍ സെഷന്‍സ് കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. രാവിലെ 10 മുതല്‍ 5 വരെയാണ് ചോദ്യം ചെയ്യലിന് അനുമതി നല്‍കിയതെങ്കിലും ഉച്ചക്കാണ് സംഘം ചോദ്യം ചെയ്യലിന് എത്തിയത്.

കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്താല്‍ ശിവശങ്കറിന് അരമണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകനെ ബന്ധപ്പെട്ടാന്‍ അവസരം നല്‍കണമെന്നും കോടതി കസ്റ്റംസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വര്‍ണ കടത്തിലും വിദേശത്തേക്ക് കറന്‍സി കടത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങളിലാവും കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.

ലൈഫ് മിഷന്‍ കോഴ ഇടപാടിലും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ച്ച വിജിലന്‍സ് കോടതിയെ സമീപിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലും ശിവശങ്കറിനെതിരെ അന്വേഷണം പുരോഗമിക്കുയാണ്. കേസില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി ശിവശങ്കറിന് കേസുമായുള്ള കൂടുതല്‍ ബന്ധം തെളിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Content Highlight: Customs interrogating Sivasankar