ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടത്തും ബിജെപിയുടെ എതിരാളിയായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഉപതെരഞ്ഞെടുപ്പ് നടന്ന ഒരിടത്തും കോണ്‍ഗ്രസിനെ എതിരാളിയായി പരിഗണിച്ചിട്ടു പോലുമില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യത്തെ വിലയിരുത്തി മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിന് അയച്ച കത്തിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. സംഘടന പരമായി കോണ്‍ഗ്രസിനെന്താണ് കുഴപ്പമെന്നും എവിടെയാണ് തെറ്റെന്ന് തങ്ങള്‍ക്ക് അറിയാമെങ്കിലും അതി കേള്‍ക്കാനുള്ള മനസ് നേതൃത്വം കാണിക്കുന്നില്ലെന്നും കപില്‍ സിബല്‍ പരാതിപ്പെട്ടു. അത് തിരിച്ചറിയുന്നത് വരെ ഗ്രാഫ് താഴുന്നത് തുടരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേതൃത്വം ആത്മ പരിശോധന നടത്തുമെന്ന മറുപടി അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ ആറ് വര്‍ഷമായി ചെയ്യാത്തത് ഇപ്പോള്‍ എങ്ങനെ നടക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. തങ്ങളുടെ ആവശ്യം നേതൃത്വം അംഗീകരിക്കാന്‍ തയാറാകാത്തതിനാലാണ് ഇത്തരമൊരു പരസ്യ പ്രതികരണത്തിന് താന്‍ നിര്‍ബന്ധിതനായതെന്നും അദ്ദേഹം വ്യക്തമാക്കി. പോരായ്മകള്‍ തിരച്ചറിയാന്‍ തയാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ബിജെപി വിജയിക്കുന്നതോടെ വലിയ തിരിച്ചടിയാണ് മിക്ക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് നേരിടേണ്ടി വരുന്നത്. കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യം ചൂണ്ടികാട്ടി 22 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് അധ്യക്ഷയ്ക്ക് കത്തയച്ചത്. എന്നാല്‍ കത്തയച്ചതില്‍ വിമര്‍ശനം ഉന്നയിച്ചതല്ലാതെ കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഇതേവരെ തയാറായിട്ടില്ല.
Content Highlight: Kapil Sibal again against Congress