കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി അപേക്ഷ വന്നതിനാല്‍ എംഎല്‍എ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. നാളെ ഉച്ചക്ക് മൂന്ന് മണി വരെ എംഎല്‍എയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്.
ഒരാഴ്ച്ച മുമ്പ് മൂന്ന് കേസുകളുടെ അന്വേഷണത്തിനായി എംഎല്‍എയെ രണ്ട് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലിനും കോടതി അനുവാദം നല്‍കിയിരുന്നു. നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് എം സി കമറുദ്ദീന്‍. ഒന്നാംപ്രതി എം ഡി പൂക്കോയ തങ്ങള്‍ ഒളിവിലായ സാഹചര്യത്തില്‍ കമറുദ്ദീനെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ലെന്ന് അന്വേഷണ സംഘത്തിന്റെ ആദ്യ കസ്റ്റഡി അപേക്ഷയില്‍ കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കമറുദ്ദീനെ വൈദ്യ പരിശോധന നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാല്‍ എംഎല്‍എയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.
Content Highlight: Court allowed to question M C Kamarudhin in Police Custody for one day