‘രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ല’; ശിവശങ്കറിന്റെ വാദം തള്ളി ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി കസ്റ്റഡിയില്‍ തുടരുന്ന എം ശിവശങ്കര്‍ സത്യവാങ്മൂലത്തില്‍ ചേര്‍ത്ത വാദങ്ങള്‍ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടെന്ന വാദമാണ് ഇഡി തള്ളിയത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം.

ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതു കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശിവശങ്കര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. എന്നാല്‍, ശിവശങ്കറിന്റെ വാദം ദുരുദ്ദേശപരമാണെന്ന് ഇഡി പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

സ്വപ്ന സുരേഷുമായി താന്‍ നടത്തിയ വാട്സ്ആപ്പ് സന്ദശങ്ങളുടെ പൂര്‍ണ രൂപം കോടതിയില്‍ സമര്‍പ്പിച്ച ശിവശങ്കര്‍, ഇ.ഡി നല്‍കിയ വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ആരോപിച്ചിരുന്നു.

Content Highlight: Enforcement Directorate rejected Sivasanker’s statement