ലോകത്ത് കൊവിഡിന് ശേഷം അഞ്ചാം പനി പൊട്ടുപുറപ്പെടാൻ സാധ്യതയെന്ന് പഠനം. ഓസ്ട്രേലിയയിലെ മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മൾഹോളണ്ടിൻ്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാം പനിയ്ക്ക് നൽകിയിരുന്ന വാക്സിൻ ഇത്തവണ കാര്യക്ഷമമായി നൽകാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് നിരവധി കുഞ്ഞുങ്ങൾക്ക് ഇത്തവണ കുത്തിവെയ്പ്പ് ലഭിച്ചിട്ടില്ല.
അതിനാൽ 2021ൻ്റെ തുടക്കത്തിൽ തന്നെ ലോകത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി പൊട്ടിപുറപ്പെടുമെന്ന് മെഡിക്കൽ ജേർണലായ ദി ലാൻസെെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് തടയാൻ രാജ്യന്തര സഹകരണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡിനെ പോലെതന്നെ മൂക്കിലൂടെയാണ് വെെറസ് ശരീരത്തിലേക്ക് പ്രവേശിക്കുക. കൊവിഡ് കാലത്ത് കുട്ടികളിലെ പോഷകാഹാരക്കുറവ് വർധിച്ചതിനാൽ അഞ്ചാം പനി കൂടുതൽ രൂക്ഷമാകാൻ ഇടയുണ്ട്. അഞ്ചാം പനി കാരണമുള്ള മരണങ്ങളും വർധിക്കും. പ്രതിരോധ കുത്തിവെയ്പ്പുകൾ എല്ലാ കുഞ്ഞുങ്ങൾക്കും ഉറപ്പുവരുത്താൻ രാജ്യങ്ങൾ മുൻകെെയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
content highlights: Major measles outbreaks forecast for 2021 due to Covid: Study