പെരുമാറ്റത്തില്‍ സംശയം; സൈനിക വേഷത്തില്‍ കണ്ടെത്തിയ 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ഗുവാഹത്തി: പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സൈനിക വേഷം ധരിച്ച 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതീവ സുരക്ഷ മേഖലയായ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് സൈനിക വേഷം ധരിച്ചെത്തിയവരുടെ ഉദ്ദേശലക്ഷ്യം ഇതുവരെ വ്യക്തമല്ല.

ഇവരില്‍ നിന്ന് ആവശ്യപ്പെട്ട തിരിച്ചറിയല്‍ രേഖ ഹാജരാക്കാത്തതും ഇവരുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയതിനാലുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യം പൊലീസ് നാല് പേരെ പിടികൂടുകയും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മറ്റ് ഏഴ് പേരെ കൂടി കണ്ടെത്തുകയായിരുന്നു. വിമാനത്താവളചത്തില്‍ എത്തിച്ചേര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണം പറയാന്‍ ഇവര്‍ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ഒരു മാസത്തോളമായി ഇവര്‍ വിമാനത്താവള പരിസരത്ത് താമസിച്ച് വരികയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ ഒരാളുടെ പക്കല്‍ നിന്ന് ഒരു സെക്യൂരിറ്റി കമ്പനിയുടെ വ്യാജ നിയമനഉത്തരവ് പിടികൂടി. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ചില രേഖകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തു. ഇവരുടെ കൈവശം ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

Content Highlight: 11 In Army Uniform Couldn’t Produce ID Cards, Arrested