കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ

Kerala local body election 2020; postal vote for covid patients

കൊവിഡ് ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽ വോട്ട് ചെയ്യുന്നത് പരിഗണനയിൽ. വോട്ടറെ എസ്എംഎസ് മുഖേന മുൻകൂട്ടി അറിയിച്ച ശേഷം പോലീസ് സുരക്ഷയോടെ തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ട് കവറുകൾ, അപേക്ഷാ ഫോറം എന്നവയുമായി പ്രീഡിസൈനിങ് ഓഫീസർ പദവിയിലുള്ള ഉദ്യോഗസ്ഥരെത്തി വോട്ട് ചെയ്യിപ്പിച്ച് നടപടികൾ വീഡിയോയിൽ ചിത്രീകരിക്കും. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ്, ശേഷമുള്ളവർ എന്നിങ്ങനെ കൊവിഡ് ബാധിതരെ രണ്ടായി തിരിച്ചാണ് ക്രമീകരണം.

ആദ്യ വിഭാഗത്തിൽ ഉൾപെട്ടവരെ ആണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വോട്ട് ചെയ്യിപ്പിക്കുന്നത്. ആരോഗ്യ ഉദ്യോഗസ്ഥർ പോളിങ്ങിന് പത്ത് ദിവസം മുൻപുള്ള കൊവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഓരോ പ്രദേശത്തെയും തുടർച്ചയായി ആറ് ദിവസം നിരീക്ഷിച്ച് ലഭ്യമാകുന്ന രോഗികളുടെ വിവരങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. ഇത് അംഗീകരിച്ചാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ ഭരണാധികാരികൾക്ക് നൽകുന്നത്. അന്ധത പോലുള്ള വെകല്യമുള്ളവർക്ക് വോട്ട് ചെയ്യാൻ വിശ്വസ്തനായ സഹായിയെ തേടാവുന്നതാണ്. ക്രോസ്, ടിക് മാർക്കിലൂടെ വോട്ട് രേഖപെടുത്താം.

വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് പോസിറ്റീവാകുന്ന രണ്ടാം വിഭാഗത്തിലുള്ളവർക്ക് പോളിങ്ങിന്റെ അവസാനത്തെ മണിക്കൂറിൽ ബൂത്തിലെത്തി വോട്ടു ചെയ്യാം. തപാൽ ബാലറ്റുമായി ഉദ്യോഗസ്ഥരെത്തുമ്പോൾ വോട്ടറെ കാണാലായില്ലെങ്കിൽ രണ്ടാമതും എത്തും. രണ്ടാം വരവിലും രോഗിയെ കണ്ടില്ലെങ്കിൽ പിന്നീട് അവസരമുണ്ടാകില്ല. പോളിങ്ങിന് തൊട്ട് മുൻപ് പോസിറ്റീവാകുന്നവർ സർക്കാർ ആശുപത്രിയിലാണെങ്കിൽ ബൂത്തിലെത്തിക്കാൻ ക്രമീകരണം ഒരുക്കുന്നതായിരിക്കും. സ്വകാര്യ ആശുപത്രിയിലാണെങ്കിൽ സ്വമേധയാ എത്തേണ്ടതായി വരും.

വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് തപാൽ വോട്ട് അവസാനിപ്പിക്കണമെന്നാണ് സർക്കാർ ആലോചിക്കുന്നതെങ്കിലും പോളിങ്ങിന് തലേന്നു വരെ അവസരം നൽകാമെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. സർക്കാർ പരിഗണിക്കുന്ന നിർദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഭേദഗതികളും പരിശോധിച്ച് കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ ബാലറ്റിന്റെ അന്തിമ ചട്ടങ്ങൾ ഉടൻ പുറത്തിറക്കുന്നതിന്റെ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.

Content Highlights; Kerala local body election 2020; postal vote for covid patients