ഭീമകൊറേഗാവ് കേസ്: വരവര റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്

മുംബൈ: ഭീമ കോറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അധ്യാപകനുമായ വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്. 81 കാരനായ ഇദ്ദേഹം ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ തുടരുകയായിരുന്നു. വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും റാവുവിന്റെ അബിഭാഷക ഇന്ദിര ജയ്‌സിങ് വാദിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

മുംബൈ നാനാവദി ആശുപത്രിയിലേക്ക് വരവര റാവുവിനെ മാറ്റാനാണ് കോടതി ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ആശുപ്ത്രിയില്‍ എത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതിയും കോടതി ഉത്തരവില്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, നാനാവതി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റരുതെന്ന എന്‍ഐഎയുടെ ഐവശ്യം കോടതി തള്ളി. വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍പ്പൊന്ും പ്രകടിപ്പിച്ചിരുന്നില്ല.

ഭീമാകൊറേഗാവ് അനുസ്മരണ പരിപാടിയായ എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് മലയാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോണാ വില്‍സണ്‍, വിപ്ലവ കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിംഗ് സുധ ഭരദ്വാജ്, ഷോമ സെന്‍, വെര്‍നണ്‍ ഗൊണ്‍സാല്‍വസ്, അരുണ്‍ ഫെറേറ, മഹേഷ് റൗത്ത്, ആനന്ദ്, നവ്‌ലാഖ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും ഭരണകൂടം ആരോപിക്കുന്നു.

Content Highlight: Mumbai High Court ordered to shift Varavara Rao to Hospital