സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം രാജി വെച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി

Bihar education minister Mewlal Choudhary resigned

ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്ലാൽ ചൌധരി രാജിവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ധേഹത്തിന്റെ രാജി. അഴിമതി ആരോപണങ്ങൾ നേരിടുന്ന മേവ്ലാലിനെ മന്ത്രിസഭയിൽ ഉൾപെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ധേഹം സ്വയം സ്ഥാനമൊഴിഞ്ഞത്.

അഴിമതി ആരോപണങ്ങൾ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിൽ ആർജെഡി ഉൾപെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജെഡിയു സ്ഥാനാർത്ഥിയായ മേവ്ലാൽ ചൌധരി താരാപൂർ മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിലേക്ക് എത്തിയത്. കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലറായിരിക്കെ അനധികൃത നിയമനങ്ങൾ നടത്തിയെന്നതാണ് മേവ്ലാലിനെതിരെയുള്ള ആരോപണം.

സർവകലാശാലയിൽ ചട്ട വിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയർ സയന്റിസ്റ്റിനേയും നിയമിച്ചെന്നായിരുന്നു കണ്ടെത്തൽ. സംഭവം വിവാദമായതിനെ തുടർന്ന് മേവ്ലാലിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

Content Highlights; Bihar education minister Mewlal Choudhary resigned