സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. പ്രതികളെ മാപ്പ് സാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഇത് നിയമ സംവിധാനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും സിപിഎം പറഞ്ഞു. സ്വപ്ന സുരേഷിൻ്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സിപിഎം രംഗത്തെത്തിയത്.
സർക്കാരിനെ രാഷ്ട്രീയപരമായും ഭരണപരമായും എതിർക്കാൻ കഴിയാത്ത യുഡിഎഫ്-ബിജെപി കൂട്ടികെട്ടിന് ആയുധങ്ങൾ ഒരുക്കി കൊടുക്കുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നത്. കോടതിയിൽ സമർപ്പിച്ച മൊഴി ഒന്നു വായിച്ചു നോക്കാൻ പോലും അനുവദിച്ചില്ലെന്ന് സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖയിൽ പറയുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ തൻ്റെ പേരിൽ സമ്മർദമുണ്ടെന്ന് നേരത്തെ എം. ശിവശങ്കറും കോടതിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിയേയും സർക്കാരിനേയും ലക്ഷ്യം വെച്ചുള്ള തിരക്കഥയ്ക്ക് അനുസരിച്ചുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളാണെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
അന്വേഷണ ഏജൻസികളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി എതിർക്കാൻ എൽഡിഎഫും സിപിഎമ്മും ജനങ്ങളും രംഗത്തുവരണമെന്നും പ്രസ്താവനയിൽ പറയുന്നു.
content highlights: CPM against investigating agencies