ലണ്ടന്‍: ഓക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക്ക വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് ഫലപ്രദമെന്ന് പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെ പുറത്ത് വിട്ട പ്രാഥമിക വിവരങ്ങളിലൂടെയാണ് ഓക്സ് വാക്സിന് വിജയകരമാണെന്ന് പുറത്ത് വന്നത്. കൊവിഡ് വാക്സിന് മുതിര്‍ന്നവരിലും മികച്ച പ്രതികരണം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്സിന്റെ പരീക്ഷണത്തില്‍ പ്രായമായവരിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായെന്നാണ് റിപ്പോര്‍ട്ട്. മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം വിജയിച്ച് നില്ക്കുന്ന അമേരിക്കന്‍ കമ്പനിയായ ഫൈസറിനൊപ്പമെത്താനാണ് അസ്ട്രാ സെനക്കയുടെ പ്രയത്നം. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്സിന് പരീക്ഷിച്ചിരുന്നത്.
ഡിസംബര്‍ പകുതിയോടെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുമെന്ന പ്രതീക്ഷയാണ് ഫൈസര്‍ പങ്കു വെക്കുന്നത്. മുതിര്‍ന്നവര്‍ക്കടക്കം രോഗം ബാധിക്കുന്നതിനെ വാക്സിന് ചെറുത്തതായും മറ്റ് ഗുരുതര സുരക്ഷ പ്രശ്നങ്ങള്‍ കണ്ടെത്താത്തതുമാണ് വാക്സിന് എത്രയും വേഗം എത്തിക്കാമെന്ന പ്രതീക്ഷ കമ്പനിക്ക് നല്‍കുന്നത്.
Content Highlight: Oxford Vaccine Shot Produced Strong Response In Older Adults-Study