വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം വിജയകരമെന്ന് കമ്പനി. വാക്സിന് വിജയകരമായി മുന്നോട്ട് പോകുന്നതിനാല്‍ ഡിസംബര്‍ പകുതിയോടെ വിതരണ അനുമതി ലഭിക്കുമെന്നാണ് സൂചന. അനുമതി ലഭിച്ചാല്‍ ക്രിസ്മസിന് മുമ്പായി വാക്സിന് വിതരണം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം.
ഡിസംബര്‍ പകുതിയോടെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുമെന്ന പ്രതീക്ഷയാണ് ഫൈസര്‍ പങ്കു വെക്കുന്നത്. മുതിര്‍ന്നവര്‍ക്കടക്കം രോഗം ബാധിക്കുന്നതിനെ വാക്സിന് ചെറുത്തതായും മറ്റ് ഗുരുതര സുരക്ഷ പ്രശ്നങ്ങള്‍ കണ്ടെത്താത്തതുമാണ് വാക്സിന് എത്രയും വേഗം എത്തിക്കാമെന്ന പ്രതീക്ഷ കമ്പനിക്ക് നല്‍കുന്നത്.
പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളണ്ടിയര്‍മാരില്‍ 170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്. വാക്സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. വാക്സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസര്‍ പറയുന്നു.
വാക്സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളില്‍ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങള്‍ക്കകം യുഎസ് എഫ്ഡിഎക്ക് സമര്‍പ്പിക്കാനാണ് ഫൈസറിന്റെ നീക്കം.
Content Highlight: Pfizer Vaccine Delivery Could Start ‘Before Christmas, If All Goes Well’