തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് നീട്ടി വെക്കുന്നതാവും ഉചിതമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ചലചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. തിയറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുമ്പോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ചലചിത്ര സംഘടടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്‍ പങ്കെടുത്തു. സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റും ഇതിനോടകം തന്നെ തിയറ്ററുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ തിയറ്ററുകള്‍ തുറക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാരും സിനിമ സംഘടനകളും എത്തിച്ചേരുകയായിരുന്നു.
Content Highlight: Theatres in Kerala remain closed amid Covid