അപവാദ പ്രചരണം; യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി നടൻ അക്ഷയ് കുമാർ

Akshay Kumar files 500 crore defamation suit against YouTuber Rashid Siddiqui

ബീഹാർ സ്വദേശിയായ യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി നടൻ അക്ഷയ് കുമാർ. റാഷിദ് സിദ്ദിഖി എന്ന യൂട്യൂബർക്കെതിരെയാണ് വക്കീൽ വഴി താരം നോട്ടീസ് നൽകിയത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദ പ്രചരണം നടത്തിയെന്നാണ് ആരോപണം.

റാഷിദിന്റെ വ്യാജ പ്രചരണം തനിക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും ഇത് വഴി ധനനഷ്ടവും മാനഹാനിയും സംഭവിച്ചുവെന്നും അക്ഷയ് കുമാർ നോട്ടീസിൽ വ്യക്തമാക്കി. റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ ശിവസേന ലീഗൽ സെല്ലും പരാതി നൽകിയിട്ടുണ്ട്. അതേസമയം റാഷിദ് സിദ്ദിഖി മുൻകൂർ ജാമ്യം നേടി. സുശാന്ത് സിംഗ് രജ്പുതിന്റെ മരണ ശേഷം കേസുമായി ബന്ധപെട്ട വീഡിയോകൾ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങൾ തെളിയിക്കുന്നത്.

മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എംഎസ് ധോണി; ദ അൺടോൾഡ് സ്റ്റോറിയിലെ നായക വേഷം സുശാന്തിന് ലഭിച്ചതിൽ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ആരോപണം. കേസുമായി ബന്ധപെട്ട് ആദിത്യ താക്കറെയ്ക്ക് മൂംബൈ പോലീസുമായി രഹസ്യ കൂടിക്കാഴ്ച നടത്താനും സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാർ സഹായിച്ചുവെന്നും റഷിദ് സിദ്ധിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.

Content Highlights; Akshay Kumar files 500 crore defamation suit against YouTuber Rashid Siddiqui