ആലപ്പുഴ ജില്ലയിൽ യുഡിഎഫ് സീറ്റ് ചർച്ചക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പിസി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷൻ എം ലിജു, കെ പിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ എംഎൽഎ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
യുഡിഎഫ് ജില്ലാ ചെയർമാൻ സി കെ ഷാജി മോഹൻ ക്വാറന്റൈനിലാണ്. ലിജുവും വിഷ്ണുനാഥിനുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് മറ്റ് നേതാക്കളുടെയും പരിശോധന ഫലം എത്തിയത്. പാർട്ടിയിലെ ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള കെ പി സി സി ഉപസമിതിയിൽ പിസി വിഷ്ണുനാഥ്, സിആർ ജയപ്രകാശ്, എം മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്.
വിഷ്ണുനാഥിന് രോഗം സ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസി ഓഫീസിൽ സ്ഥാനാർത്ഥി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചയിൽ ഇവരെല്ലാം പങ്കെടുത്തിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ വ്യാഴാഴ്ചയാണ് കൊവിഡ് ഫലം പുറത്ത് വന്നത്.
Content Highlights; congress leaders from Alappuzha tests covid positive