കൊവിഡ് രോഗികള്‍ക്ക് പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം; പ്രത്യേക നിയമം പാസാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്ക് പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ സാധിക്കുന്ന പുതിയ നിയമം പാസ്സാക്കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്.

പുതിയ വിജ്ഞാപന പ്രകാരം കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി ഒരു മണിക്കൂര്‍ മാറ്റിവെക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള ഒരു മണിക്കൂര്‍ സമയമാണ് കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക. നിലവില്‍ കൊവിഡ് ബാധിതരായവര്‍ക്ക് തപാല്‍ ബാലറ്റിന് അപേക്ഷിക്കാം. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് വരെയാണ് കൊവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ സമയം. ഇതിന് ശേഷം കൊവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേക സൗകര്യം പ്രയോജനപ്പെടുത്താവുന്നത്.

ഇതിനായി പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ ഭാഗമാണ് നടപടി.

Content Highlight: Kerala Government make ordinance on vote for Covid patients