സിദ്ധിഖ് കാപ്പന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് യുപി സർക്കാർ

Siddique Kappan has a connection with Popular Front of India, says UP Govt

ഹത്രാസ് സന്ദർശനത്തിന് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് നിരോധിത സംഘടനകളുമായിട്ടുള്ള ബന്ധം കണ്ടെത്തിയതായി ഉത്തർ പ്രദേശ് സർക്കാർ. ജാതി ഭിന്നത ഉണ്ടാക്കാനും ക്രമസമാധാനം തകർക്കാനുമാണ് സിദ്ധിഖ് കാപ്പനും ക്യാമ്പസ് ഫ്രണ്ടിന്റെ മൂന്ന് പ്രവർത്തകരും ഹത്രാസ് സന്ദർശനത്തിനായി പോയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും യുപി സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണ് സിദ്ധിഖ് കാപ്പൻ. കാപ്പൻ ജോലി ചെയ്തിരുന്ന തേജസ് ദിനപത്രം 2018 ൽ അടച്ചു പൂട്ടിയതാണ്. മാധ്യമ പ്രവർത്തകൻ എന്ന വ്യാജേനയാണ് ഹത്രാസ് സന്ദർശനത്തിന് പോയത്. സിദ്ധിഖ് അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല. തെളിവെടുപ്പിനായി ഡൽഹിയിൽ കൊണ്ടു വന്നപ്പോൾ തെറ്റായ മേൽ വിലാസമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്ന് എന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. അറസ്റ്റിന് ശേഷം സിദ്ധിഖ് കാപ്പന് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താനൊ കുടുംബവുമായി സംസാരിക്കാനൊ കഴിയുന്നില്ലെന്ന വാദം തെറ്റാണെന്നും സത്യവാങ്മൂലത്തിൽ യുപി സർക്കാർ ചൂണ്ടിക്കാട്ടി.

അറസ്റ്റിന് ശേഷം മൂന്ന് തവണ സിദ്ധിഖ് കാപ്പൻ കുടുംബവുമായി സംസാരിച്ചിരുന്നു. ഇതിൽ രണ്ട് തവണ അമ്മയുമായാണ് സംസാരിച്ചത്. കോടതിയുടെ അനുമതിയോടെ ഒരു തവണ അഭിഭാഷകനുമായും സംസാരിച്ചു. പിന്നീട് കുടുംബവുമായോ അഭിഭാഷകനുമായോ സംസാരിക്കണമെന്ന് സിദ്ധിഖ് ആവശ്യപെട്ടിട്ടില്ലെന്നും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. കേസിന്റെ ആവശ്യങ്ങൾക്കായി സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകരെ ഇന്ന് തന്നെ അനുവദിക്കാമെന്നും യുപി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

Content HIghlights; Siddique Kappan has a connection with Popular Front of India, says UP Govt