കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെ കർഷകർ നടത്തി വന്ന ട്രെയിൻ തടയൽ സമരം അവസാനിപ്പിക്കുന്നു

15 days of central government farmers in Punjab end train block protest

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെ കർഷകർ നടത്തി വന്ന ട്രെയിൻ തടയൽ സമരം താത്കാലികമായി അവസാനിപ്പിക്കുന്നു. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് നടത്താൻ അനുവദിക്കുമെന്ന് കർഷക സംഘടന നേതാക്കൾ വ്യക്തമാക്കി. മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പതിനഞ്ച് ദിവസത്തേക്കാണ് കർഷകർ സമരത്തിൽ നിന്ന് പിന്മാറുന്നത്.

തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി കേന്ദ്ര സർക്കാരിന് പതിനഞ്ച് ദിവസത്തെ സമയം അനുവദിക്കുന്നതായും ചർച്ചകളിൽ പരിഹാരം ആയില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കർഷകർ ട്രെയിൻ തടയൽ സമരത്തിൽ നിന്നും പിന്മാറിയത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ശരിയാക്കാൻ ഉതകുന്ന നടപടിയാണ് കർഷകരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അദ്ധേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾ പാസാക്കിയതിൽ പ്രതിഷേധിച്ച് മാസങ്ങളായി പഞ്ചാബിലെ കർഷകർ ട്രെയിൻ പാളങ്ങൾ ഉപരോധിച്ച് സമരം നടത്തി വരികയായിരുന്നു. സംസ്ഥാനത്തേക്കുള്ള പ്രധാന റെയിൽ പാതകളെല്ലാം കർഷകർ കയ്യേറി ടെന്റുകൾ കെട്ടുകയും ഇതേ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തി വെയ്ക്കേണ്ടതായി വന്നു. ചില ട്രെയിനുകൾ റൂട്ട് തിരിച്ചുവിട്ടും സമയം മാറ്റിയും സർവീസ് നടത്തുന്നുണ്ട്.

Content Highlights; 15 days of central government farmers in Punjab end train block protest