പോലീസ് ആക്ട് ഭേദഗതിയ്ക്ക് ഗവർണറുടെ അനുമതി; സെെബർ ആക്രമണത്തിന് ഇനി 5 വർഷം തടവ്

Governor approver police act amendment to stop cyberattacks

സെെബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. നിലവിലുള്ള പൊലീസ് ആക്ടിൽ 118എ എന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ വേണ്ടി ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണിത്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ നടന്ന സെെബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. 

2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം മറ്റ് നിയമ വ്യവസ്ഥകളൊന്നും സർക്കാർ കൊണ്ടുവന്നിരുന്നില്ല. സുപ്രീം കോടതി വിധി മറിക്കാനുള്ള നിയമ ഭേദഗതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണറെ കണ്ടിരുന്നു. എന്നാൽ ഗവർണർ ഭേദഗതി അംഗീകരിച്ച് ഓർഡിനൻസിൽ ഒപ്പുവെച്ചു.  

content highlights: Governor approver police act amendment to stop cyberattacks