രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്; ആറ് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം

സംസ്ഥാനത്തെ ആറ് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ലഭിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. ഒപ്പം രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിർത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലെ നേട്ടം ആരോഗ്യ പ്രവർത്തകർക്കുള്ള ആംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. 

95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി നേടിയിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ 18 ആശുപത്രികള്‍ക്കാണ് എന്‍.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂര്‍. കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾ മികച്ചതായി മാറിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

content highlights: kerala ranks top 12 among the best primary health centers in the country