ശബരിമലയില്‍ പ്രതിദിന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്. ബുക്ക് ചെയ്ത പലരും ലരാതിരിക്കുന്ന സാഹചര്യമുണ്ടെങ്കിലും അയല്‍ സംസ്ഥാനത്ത് നിന്നും നിരവധി പേര്‍ ദര്‍ശനത്തിന് അനുമതി തേടി ബോര്‍ഡിനെ സമീപിക്കുന്നതായി ദേവസ്വം അറിയിച്ചു. സാമൂഹിക അകലം പാലിച്ച് പ്രതിദിനം പതിനായിരം പേരെയെങ്കിലും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.

നിലവില്‍ പ്രതിദിനം ആയിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. അവധി ദിവസങ്ങളില്‍ 2000 പേര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആയിരത്തിന് അടുത്ത് പോലും ആളുകള്‍ എത്താതിരിക്കുന്നതാണ് ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നത്. ഭക്തര്‍ തീരെ കുറവായതിനാല്‍ ശബരിമലയില്‍ ഭക്തജന സാന്നിധ്യം ഉള്ളതായി പോലും തോന്നുന്നില്ലെന്നാണ് ദോവസ്വത്തിന്റെ പക്ഷം. സാധാരണ മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിന വരുമാനം കോടികള്‍ കടക്കുമ്പോള്‍ ഇത്തവണ 10 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലേ ഈ സാഹചര്യം മാറൂവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പാ സ്‌നാനം ഒഴിവാക്കിയതും നെയ്യഭിഷേകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതും ആചാര ലംഘനമാണെന്ന് ബിജെപി വാദിച്ചിരുന്നു. എന്നാല്‍ ആചാര ലംഘനത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ തെറ്റിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Content Highlight: Devaswam Board President on Sabarimala pilgrimage