കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം ശിവശങ്കര്‍ വഹിച്ച ഉന്നത പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ രേഖപ്പെടുത്താതെ കസ്റ്റംസ്. മാധവന് നായരുടെ മകന് എന്ന് മാത്രം രേഖപ്പെടുത്തിയ കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിരവധി ഉന്നത പദവികള്‍ വഹിച്ചയാളാണ് ശിവശങ്കറെന്നും എന്തിനാണ് അത്തരം കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ മടിയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യങ്ങളില്‍ മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു.
ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കൂടി അപേക്ഷയില്‍ സൂചിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിരവധി തവണ അന്വേഷണം നടന്നെങ്കിലും പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കരിന്റെ അറസ്റ്റിലേക്ക് നയിച്ച കാരണം എന്തായിരുന്നെന്നും കോടതി ചോദിച്ചു. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ച്ചയാണ് ജയിലിലെത്തി കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ 23-ാം പ്രതിയാണ് ശിവശങ്കര്‍. പത്ത് ദിവസത്തെ കസ്റ്റഡി കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും അത് സാധ്യമല്ലെന്ന് കാണിച്ച് അഞ്ച് ദിവസത്തേക്കാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ട് നല്കാന് കോടതി നിര്‍ദ്ദേശിച്ചത്. സ്വപ്നയെയും സരിത്തിനെയും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.
Content Highlight: Court Criticize Customs on Gold Smuggling case