കൊവിഡ് മരണം; കൊവിഡ് രോഗിയുടെ ദേഹത്ത് സ്പർശിക്കാതെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുമതി

covid 19 new guidelines for dead body cremation by Kerala

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കെെകാര്യം ചെയ്യുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. പുതിയ നിർദേശമനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്കാര  സ്ഥലത്തുവെച്ചും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുതന്നെ പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകൾ നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

കൊവിഡ് രോഗി മരണപ്പെട്ടാൽ ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിപ്പിക്കാൻ അനുവദിക്കും. പ്രതീകാത്മകമായ രീതിയിൽ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണികൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. സംസ്കാര സ്ഥലത്ത് മൃതദേഹം കൊണ്ടുവന്നാൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ജീവനക്കാരൻ മൃതദേഹത്തിൻ്റെ മുഖം വരുന്ന ഭാഗത്തെ സിബ്ബ് തുറന്ന് മുഖം അടുത്ത ബന്ധുക്കളെ കാണിക്കാവുന്നതാണ്. ഈ സമയത്ത് മതപരമായ പ്രാർത്ഥനകൾ ചൊല്ലുന്നതിനും പുണ്യജലം തളിക്കുന്നതിനും അവസരം ഉണ്ട്. പരമാവധി 20 പേർക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാം. 

60 വയസിന് മുകളിൽ പ്രായമായവർ, 10 വയസിൽ താഴെയുള്ള കുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. മരണകാരണം കൊവിഡാണെന്ന് സംശയിക്കുന്നതും മരിച്ചനിലയിൽ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങൾ ടെസ്റ്റ് സാമ്പിൾ ശേഖരിച്ച ശേഷം കാലതാമസം കൂടാതെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം. ലാബ് റിസർട്ട് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ കേസുകളൊഴികെയുള്ള മൃതദേഹങ്ങൾ പൊസിറ്റീവ് ആയി കണക്കാക്കി മാനദണ്ഡം പാലിച്ചുവേണം ബന്ധുക്കൾക്ക് കെെമാറാൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ മാർഗനിർദേശങ്ങൾ അവലംബിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മാർഗനിർദേശങ്ങൾ പുതുക്കിയത്.

content highlights: covid 19 new guidelines for dead body cremation by Kerala