വെല്ലിങ്ടണ്‍: വൈവിധ്യങ്ങളുടെ പേരില്‍ കൈയടി നേടിയ ജസീന്ത ആന്‍ഡേണിന്റെ പുതിയ മന്ത്രിസഭയില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ ചരിത്ര നിമിഷം കുറിച്ച് ഇന്ത്യന്‍ വംശജന്‍. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നുള്ള ഗൗരവ് ശര്‍മയുടെ സത്യപ്രതിജ്ഞ ചടങ്ങായിരുന്നു ന്യൂസീലന്‍ഡ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇടം നേടിയത്. ന്യൂസീലന്‍ഡ് പാര്‍ലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട, ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരവ് ശര്‍മ ആദ്യം ന്യൂസീലന്‍ഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും തുടര്‍ന്ന് ക്ലാസിക്കല്‍ ഭാഷയായ സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലിയാണ് സ്ഥാനം ഏറ്റെടുത്തത്.
ഗൗരവ് ശര്‍മയുടെ ഈ പ്രവര്‍ത്തി ഇന്ത്യയിലെയും ന്യൂസീലന്‍ഡിലെയും സംസ്‌കാരങ്ങളോടുള്ള അതീവ ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ട്വീറ്റ് ചെയ്തു. എല്ലാവരെയും സന്തോഷിപ്പിക്കുകയെന്നത് ബുദ്ധിമുട്ടായതിനാലാണ് മാതൃഭാഷയായ ഹിന്ദി വേണ്ടെന്ന് വെച്ച് എല്ലാവരും ആദരിക്കുന്ന സംസ്‌കൃതം തെരഞ്ഞെടുത്തതെന്ന് ഗൗരവ് ചോദ്യങ്ങളോട് പ്രതികരിച്ചു.
1996 മുതല്‍ ന്യൂസീലന്‍ഡില്‍ താമസമാക്കിയതാണ് ഗൗരവിന്റെ കുടുംബം. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടിം മകിന്‍ഡോയെ 4368 വോട്ടുകള്‍ക്കാണ് ഗൗരവ് പരാജയപ്പെടുത്തിയത്. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്. ബുധനാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
വൈവിധ്യം നിറഞ്ഞ ജസീന്ത മന്ത്രിസഭയില്‍ സ്ത്രീകള്‍, ആദിവാസികള്‍, വിദേശ വംശജര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയാണ് മന്ത്രിസഭ രൂപീകരിച്ചത്. 20അംഗ മന്ത്രിസഭയില്‍ എട്ട് പേര്‍ സ്ത്രീകളാണ്. എല്‍.ജി.ബി.ടി വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും മാവോരി ഗോത്രവിഭാഗത്തില്‍ നിന്ന് അഞ്ച് പേരും മന്ത്രിമാരായി. കൂടാതെ മലയാളിയായ പ്രിയങ്ക രാദാകൃഷ്ണനും മന്ത്രിസഭയില്‍ ഇടം പിടിച്ചിരുന്നു.
Content Highlight: Indian-origin doctor, elected as New Zealand MP, takes oath in Sanskrit