93ാമത് അക്കാദമി അവാർഡ്സിൽ മത്സരിക്കാൻ ജല്ലിക്കെട്ടിന് ഔദ്യോഗിക എൻട്രി. 14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് വിദേശ സിനിമകളുടെ വിഭാഗത്തിൽ മത്സരിക്കാൻ തെരഞ്ഞെടുത്തത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്ന വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചൈതന്യ തമാനേയുടെ ദ ഡിസിപ്പിള്‍, വിധു വിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണന് മഹാദേവൻ്റെ ബിറ്റല് സ്വീറ്റ്, ഗീതു മോഹന്‍ദാസിൻ്റെ മൂത്തോന് എന്നീ സിനിമകള്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു.
ഓസ്കാർ എൻട്രി ലഭിക്കുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ജല്ലിക്കെട്ട്. 1197ൽ ഗുരു, 2011ൽ ആദാമിൻ്റെ മകൻ അബു എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ഓസ്കാർ എൻട്രി ലഭിച്ച മലയാള സിനിമകൾ.
എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ്. ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥയെഴുതിയ ജല്ലിക്കെട്ട് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു. ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിച്ച ജല്ലിക്കെട്ടിൽ ആൻ്റണി വർഗിസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 25നാണ് ഇത്തവണ ഓസ്കാർ പുരസ്കാര പ്രഖ്യാപനം.
content highlights: Lijo Jose Pellissery’s ‘Jallikattu’ is India’s entry for the foreign-language film Oscar category