‘ഇന്ന് മുതൽ ഞാൻ സ്വതന്ത്ര സംവിധായകൻ’; എൻ്റെ സിനിമ ഇഷ്ടമുള്ളിടത്ത് പ്രദർശിപ്പിക്കും; ലിജോ ജോസ് പെല്ലിശ്ശേരി

Director LIjo Jose Pellissery's response to his films

പ്രൊഡ്യൂസേഴ്സ് അസോസിയേഷനേയും ഫിലിം ചേംബറിനേയും പരോക്ഷമായി വിമർശിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോലി ചെയ്യുന്നതിൽ നിന്ന് ആരും വിലക്കരുതെന്നും ഇന്നു മുതൽ താൻ സ്വതന്ത്ര സംവിധായകൻ ആണെന്നും ലിജോ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമിൽ സിനിമ പ്രദർശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ നിൽക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ ഒന്നിന് തൻ്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ച് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെയാണ് ലിജോ ജോസ് നിലപാട് അറിയിച്ചത്. 

തന്നെ സംബന്ധിച്ചിടത്തോളം സിനിമ പണം സമ്പാദിക്കാനുള്ള മാർഗ്ഗം മാത്രമല്ലെന്നും തൻ്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും ലിജോ ജോസ് പറയുന്നു. അതിനാൽ തന്നെ ഇന്ന് മുതൽ ഒരു സ്വതന്ത്ര ചലചിത്ര നിർമാതാവായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിനിമയിൽ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവൻ മികച്ച സിനിമകൾക്കായി വിനിയോഗിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം തൻ്റെ സിനിമ ശരിയാണെന്ന് തോന്നുന്നിടത്ത് പ്രദർശിപ്പിക്കുമെന്നും വ്യക്തമാക്കി. 

‘ജോലി ചെയ്യുന്നത് നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. നിർമ്മാണം നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ ആത്മാർഥതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നിങ്ങൾ വലിയ നഷ്ടം നേരിടും. കാരണം ഞങ്ങൾ ആർട്ടിസ്റ്റുകളാണ്’. അദ്ദേഹം പറഞ്ഞു. 

content highlights: Director LIjo Jose Pellissery’s response to his films