ബലാത്സംഗത്തെ അതി ജീവിച്ചവര്‍ക്ക് സധൈര്യം പരാതി നല്‍കാം; ബലാത്സംഗത്തിന് ശിക്ഷ കടുപ്പിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: ബലാത്സംഗക്കേസില്‍ ശിക്ഷ കടുപ്പിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. പാകിസ്താന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ഇമ്രാന്‍ കാന്‍ നിരീക്ഷിച്ചു. ഇതിനായി ബലാത്സംഗക്കേസില്‍ കുറ്റവാളികളായി കണ്ടെത്തുന്നവരെ രാസഷണ്ഡീകരണം നടത്താനുള്ള നിയമത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഒപ്പ് വെച്ചതായാണ് റിപ്പോര്‍ട്ട്.

ബലാത്സംഗം ഗുരുതരമായ കുറ്റമാണെന്നും അതിനെതിരായ നിയമം വൈകിപ്പിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ബലാത്സംഗക്കേസുകള്‍ അതിവേഗം കണ്ടെത്തുന്നതിനും സാക്ഷികള്‍ക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും സംരക്ഷണം ഉറപ്പു വരുത്താന്‍ കൂടുതല്‍ വനിത പൊലീസിന്റെ സേവനുവും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് സധൈര്യം പരാതി നല്‍കാമെന്നും അവരുടെ വ്യക്തി വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. നിയമം ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ലൈംഗികചോദനയും ലൈംഗികോത്തേജനവും കുറയ്ക്കാനുദ്ദേശിച്ചുള്ള ഔഷധപ്രയോഗത്തെയാണ് രാസഷണ്ഡീകരണം (Chemical Castration) എന്നു പറയുന്നത്. പുരുഷന്മാരില്‍ ഉപയോഗിക്കുമ്പോള്‍ ഈ മരുന്നുകള്‍ ലൈംഗികാസക്തിയും ലൈംഗിക വിചാരങ്ങളും ഉദ്ധാരണശേഷിയും കുറയ്ക്കും. ശരീരത്തില്‍ കൊഴുപ്പിന്റെ അംശം കൂടുക, അസ്ഥികളുടെ സാന്ദ്രത കുറയുക, ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ട്. സ്തനവളര്‍ച്ച (Gynecomastia), രോമവളര്‍ച്ച കുറയുക, പേശികളുടെ അളവു കുറയുക മുതലായ പാര്‍ശ്വഫലങ്ങളുമുണ്ടാകാറുണ്ട്.

വധശിക്ഷ, ജീവപര്യന്തം തടവ് എന്നിവയ്ക്കു പകരം വയ്ക്കാവുന്ന ശിക്ഷാരീതി എന്നാണ് പൊതുവില്‍ രാസഷണ്ഡീകരണത്തെപ്പറ്റിയുള്ള അഭിപ്രായം. കുറ്റവാളികളെ ജയില്‍ മുക്തരാക്കുമ്പോള്‍ തന്നെ അവര്‍ വീണ്ടും കുറ്റം ചെയ്യാനുള്ള സാദ്ധ്യത ഈ ശിക്ഷാരീതി മൂലം ഇല്ലാതാവുന്നുവെന്ന കണ്ടെത്തലാണ് നിയമം പ്രോല്‍സാഹിപ്പിക്കാന്‍ കാരണമായത്.

Content Highlight: Pakistan PM Imran Khan approves chemical castration of rapists: report