പരിശോധന ഫലം വ്യക്തമായില്ല; 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പുനെയില്‍ നിന്ന് കേരളത്തിലെത്തിച്ച കൊവിഡ് പരിശോധന കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 5020 കിറ്റുകളിലെ പരിശോധന ഫലം വ്യക്തമാകാതെ വന്നതോടെയാണ് കിറ്റുകള്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. പുനെ ആസ്ഥാനമായ മൈലാസ് ഡിസ്‌കവറി സെല്യൂഷനില്‍ നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങിയത്.

അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച നടത്തിയ പരിശോധന ഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് കിറ്റുകള്‍ തിരിച്ചക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. 4 കോടി 59 ലക്ഷം രൂപ വില വരുന്നതാണ് കിറ്റുകള്‍. 32,122 കിറ്റുകളാണ് പരിശോധന ഫലം കൃത്യമാകാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചത്. ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ച് നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ വിദഗ്‌ധോപദേശം ഉണ്ടായിരുന്നെങ്കിലും 70 ശതമാനത്തിലേറെയും ആന്റിജന്‍ പരിശോധനയാണ് നടക്കുന്നത്. മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധന തടസപ്പെടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ടാഴ്ച്ചക്കകം പത്ത് ലക്ഷം കിറ്റുകള്‍ കൂടി വാങ്ങാന്‍ നടപടി ആരംഭിച്ച് കഴിഞ്ഞു.

Content Highlight: The Health Department returned 30,000 Antigen test kits as test result is not clear