കേന്ദ്ര അനുമതിയില്ലാതെ ലോക്ക്ഡൗണുകള്‍ പാടില്ല; പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് നിയന്ത്രണവുമായി കേന്ദ്രം. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയില്ലാതെ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതി തടഞ്ഞാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശം. എന്നാല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ ഒന്ന് മുതലായിരിക്കും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരിക. ഡിസംബര്‍ 31 വരെയാണ് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് പ്രാബല്യം. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപന തോത് പരിഗണിച്ച് രാത്രി കര്‍ഫ്യൂ പോലുള്ള പ്രാദേശിക ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്താന്‍ അനുമതിയുണ്ട്. കൊവിഡ് 19 നെ പൂര്‍ണമായി മറികടക്കാന്‍ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്കുള്ളില്‍ ഏര്‍പ്പെടുത്തുന്ന പ്രാദേശിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള ആളുകളുടെയോ ചരക്കുകളുടെയോ നീക്കത്തെ തടസ്സപ്പൈടുത്തരുതെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വരുന്ന മാറ്റമാണ് ആശങ്ക സൃഷ്ടിക്കുന്നത്. അതിനാല്‍ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം. ജില്ലാ, പോലീസ്, മുനിസിപ്പല്‍ അധികൃതര്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlight: MHA issues new guidelines from December 1