യുപിയില്‍ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക്, ലഖ്‌നൗവില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ തടവ്

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും ആറു മാസത്തേക്ക് സമരങ്ങള്‍ തടഞ്ഞു കൊണ്ട് യോഗി സര്‍ക്കാര്‍ എസ്മ (എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട്) പ്രഖ്യാപിച്ചു. മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടും ലഖ്‌നൗവില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ സംസ്ഥാനത്തെ ചില സര്‍ക്കാര്‍ സംഘടനകള്‍ നവംബര്‍ 26 ലെ ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുപി സര്‍ക്കാര്‍ എസ്മ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതെന്നാണ് അഭ്യൂഹം. എസ്മ ലംഘിച്ച് സമരത്തിന് ആഹ്വാനം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. എസ്മ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടുമോ ലഭിക്കാം.

അതേസമയം, ജില്ലാ അധികൃതരെ മുന്‍കൂട്ടി അറിയിക്കാതെ ഒരു പരിപാടിക്കും അനുമതി ലഭിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2021 മേയ് വരെയാണ് സമരങ്ങള്‍ക്ക് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് സര്‍ക്കാര്‍ എസ്മ പ്രഖ്യാപിച്ചത്.

Content Highlight: Uttar Pradesh government invokes Esma