ന്യൂഡല്‍ഹി: ഒരു കൊവിഡ് മരണവും കണക്കില്‍പ്പെടാതെ പോകരുതെന്ന നിര്‍ബന്ധമുള്ളത് കൊണ്ട് എല്ലാ കൊവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുന്നതായി കേരളം. കേരളത്തില്‍ എല്ലാ കൊവിഡ് മരണങ്ങളും ഔദ്യോഗിക കണക്കില്‍പ്പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ മരണ നിരക്ക് 0.4 ശതമാനത്തില്‍ താഴെയായി കുറച്ചു കൊണ്ട് വരാന്‍ സാധിച്ചതായും കേരളം റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി.
മരണ കാരണം കൊവിഡ് ആണെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും. മരണ കാരണം കൊവിഡ് ആണെന്ന് കരുതുന്ന മൃതദേഹങ്ങല്‍ പോലും പരിശോധിക്കുന്നത് കണക്കില്പ്പെടുത്താനാണെന്നും കേരളം അറിയിച്ചു. എല്ലാ മരണത്തിന്റെയും കാരണം വിശദീകരിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതായും കേരളം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മരണം കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ക്ളാസ്സിഫിക്കേഷന്‍ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാര്‍ഗ്ഗരേഖ പ്രകാരമാണ് പരിസോധനകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് സംശയിക്കുന്ന മൃതദേഹങ്ങളില്‍ പരിശോധന നടത്തുന്നില്ലെന്നും സുപ്രീംകോടതിയില്‍ കേരളം സൂചിപ്പിച്ചു. നിലവില്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്നും റിപ്പോര്‍ട്ടില്‍ കേരളം വ്യക്തമാക്കി.
കോവിഡ് സാഹചര്യം വിശദീകരിച്ച് നിലവിലെ അവസ്ഥ, രോഗികളുടെ ചികിത്സ, രോഗവ്യാപനം കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍, മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് കേരളത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
Content Highlight: Kerala submit report in Supreme Court on Covid Death rate confirmation