ഉത്തർപ്രദേശിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ കടിച്ച് കീറിയ നിലയിൽ

Shocking Video Shows Stray Dog Nibbling At Girl's Body In UP Hospital

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി. യുപിയിലെ സാമ്പാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൻ്റെ 20 സെക്കൻ്റ് ദെെർഘ്യമുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആശുപത്രി വരാന്തയിൽ സ്ട്രെച്ചറിൽ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്ന് തോന്നിപ്പിക്കുന്നതിൽ നായ കടിച്ചു വലിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. ഇതിനു പിന്നാലെ ആശുപത്രിയുടെ അനാസ്ഥയെ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. 

വ്യാഴാഴ്ചയാണ് പെൺകുട്ടി റോഡപകടത്തിൽ മരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബാഗങ്ങളെ ഏൽപിച്ചതായും പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം കൊണ്ടുപോവുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കൊണ്ടു പോകുന്നതിനിടെ മൃതദേഹം വെച്ചിരുന്ന സ്ഥലത്ത് നായ എത്തിയതാവാമെന്നും ഡോക്ടർ സുശീൽ വർമ പറഞ്ഞു. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും സാമ്പാൽ സർക്കാർ ആശുപത്രിയിൽ തെരുവുനായ ശല്യം ഉണ്ടെന്നുള്ളത് സത്യമാണെന്നും പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും അധികൃതർ പറഞ്ഞു. 

സംഭവം അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തൂപ്പുകാരനേയും വാർഡ് ബോയിയേയും സസ്പെൻഡ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു. 

content highlights: Shocking Video Shows Stray Dog Nibbling At Girl’s Body In UP Hospital