ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കാത്തതാണെന്ന് വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശത്തില്‍ നിന്ന് കൂടുതല്‍ മോശമാകുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു. നിലവില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ എഴുപത് ശതമാനവും കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 0 ശതമാനം പേരും മാസ്‌ക് ധരിക്കുന്നില്ലെന്നും ധരിക്കുന്നവരില്‍ പലരും താടിയിലാണ് മാസ്‌ക് വെക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. വാക്‌സിനുകള്‍ തയാരാകുന്നത് വരെ പ്രതിരോധ നടപടികള്‍ തുടരണമെന്ന് കോടതി അറിയിച്ചു.
അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 14.7 ശതമാനം പേരും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. രോഗ വ്യാപനം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രി തീപിടിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയ കേസ് എടുത്തു. ഗുജറാത്ത് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Content Highlight: Supreme Court on India’s Covid situation