കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എൻ.ആർ സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ അടുത്ത ബന്ധുകൂടിയാണ് ഇദ്ദേഹം. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിൽ വെള്ളിയാഴ്ച വെെകിട്ടാണ് സന്തോഷിനെ താമസസ്ഥലത്ത് കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
അദ്ദേഹം ആത്മഹത്യ ചെയ്തതിൻ്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും സന്തോഷിന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ‘വെള്ളിയാഴ്ച രാവിലെ ഞങ്ങള്‍ 45 മിനിറ്റോളം ഒരുമിച്ച് നടന്നിട്ടുണ്ട്. വ്യാഴാഴ്ച പോലും അദ്ദേഹം സന്തോഷവനായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല’. യെദ്യൂയൂരപ്പ പറഞ്ഞു.
ആത്മഹത്യ ശ്രമത്തിൻ്റെ കാരണങ്ങളൊന്നും വ്യക്തമല്ലെന്നാണ് പൊലീസും പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ 12 ലധികം ഉറക്ക ഗുളികകൾ കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32കാരനായ സന്തോഷ്. ഈ വര്‍ഷം മെയ് മാസത്തിലാണ് സന്തോഷിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത്.
content highlights: Karnataka CM BS Yediyurappa’s political secretary NR Santhosh hospitalized after a suspected suicide attempt