തദ്ദേശ തെരഞ്ഞെടുപ്പ്: തപാല്‍ വോട്ടിനായുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ജനങ്ങളുടെയും പ്രാതിനിധ്യം സംരക്ഷിക്കാന്‍ കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. ഡിസംബര്‍ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്യുന്നവര്‍ക്കാകും സ്‌പെഷ്യല്‍ തപാല്‍ വോട്ട് സാധ്യമാവുക.

അപേക്ഷ ലഭിച്ചു തുടങ്ങിയാല്‍ നാളെ മുതല്‍ തപാല്‍ വോട്ടിനായുള്ള പട്ടിക തയാരാക്കല്‍ ആരംഭിക്കും. വോട്ടര്‍പട്ടികയുമായി പരിശോധിച്ചശേഷമാകും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം രജിസ്ട്രേഡ് പോസ്റ്റ് വഴിയോ മറ്റൊരാള്‍ മുഖേനയോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവര്‍ വോട്ടെണ്ണലിനു മുമ്പ് തിരികെ വരണാധികാരിക്ക് നല്‍കണം. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്യുന്നവര്‍ക്കാകും സ്‌പെഷ്യല്‍ തപാല്‍ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ പോളിങ് ഓഫിസര്‍മാര്‍ വീടുകളില്‍ തപാല്‍ ബാലറ്റ് എത്തിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

Content Highlight: Local body election postal vote application from today